
ദുബൈ ∙ ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരങ്ങളുടെ ടിക്കറ്റ് വിൽപന ആരംഭിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ ടിക്കറ്റുകൾ ലഭ്യമാകുമെന്ന് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
അബൂദബിയിൽ നടക്കുന്ന മത്സരങ്ങൾക്ക് 40 ദിർഹവും, ദുബൈയിലെ മത്സരങ്ങൾക്ക് 50 ദിർഹം മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾക്കായി പ്രത്യേക പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ഏഴ് മത്സരങ്ങൾ ഉൾപ്പെട്ട പാക്കേജിന് 1400 ദിർഹമാണ് നിരക്ക്. പാക്കേജിൽ ഇല്ലാത്ത മത്സരങ്ങളുടെ ടിക്കറ്റുകൾ വേറെ വാങ്ങാൻ സാധിക്കും.
ടിക്കറ്റുകൾ നിലവിൽ പ്ലാറ്റിനം ലിസ്റ്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്. അടുത്ത ദിവസങ്ങളിൽ ദുബൈ ഇന്റർനാഷണൽ സ്റ്റേഡിയത്തിലും അബൂദബി സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലും ടിക്കറ്റ് കൗണ്ടറുകൾ തുറക്കുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, ഓൺലൈനിൽ വ്യാജ ടിക്കറ്റുകൾ പ്രചരിക്കുന്നുവെന്ന റിപ്പോർട്ടിനെ തുടർന്ന്, ആരാധകർ ജാഗ്രത പാലിക്കണമെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മുന്നറിയിപ്പ് നൽകി. വ്യാജ ടിക്കറ്റുമായി എത്തുന്നവർക്ക് സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിക്കില്ലെന്നും എ.സി.സി വ്യക്തമാക്കി.
സെപ്റ്റംബർ 14-ന് ദുബൈയിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏറ്റുമുട്ടലാണ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. എട്ട് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ, ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾ ഒന്നിലധികം തവണ നടക്കാനുള്ള സാധ്യതയും ഉണ്ട്. സെപ്റ്റംബർ 10-ന് ഇന്ത്യയുടെ ആദ്യ മത്സരം യു.എ.ഇയ്‌ക്കെതിരെയാണ്.
ഈ വർഷം ഫെബ്രുവരിയിൽ യു.എ.ഇയിൽ നടന്ന ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം, വീണ്ടും വലിയ ക്രിക്കറ്റ് മാമാങ്കത്തിനാണ് ഇമാറാത്ത് വേദിയാകുന്നത്. അന്നത്തെ മത്സരങ്ങളുടെ ടിക്കറ്റുകൾ മണിക്കൂറുകൾക്കുള്ളിൽ വിറ്റുതീരുകയും ചെയ്തിരുന്നു.