
അബൂദബി: ശമ്പളം പിടിച്ചുവെച്ച സ്വകാര്യ കമ്പനിയെതിരെ മുൻ ജീവനക്കാരൻ നൽകിയ പരാതിയിൽ, അബൂദബി സിവിൽ ഫാമിലി കോടതി ജീവനക്കാരന്റെ പക്ഷത്ത് വിധി പ്രസ്താവിച്ചു. കമ്പനി, ഒരു മാസത്തെ ശമ്പളമായി 11,000 ദിർഹം ജീവനക്കാരന് നൽകണമെന്ന് കോടതി നിർദേശിച്ചു.
പരാതിക്കാരൻ, കുടിശ്ശികയായ ശമ്പളത്തോടൊപ്പം, ശമ്പളം ലഭിക്കാതെ നേരിടേണ്ടി വന്ന മാനസിക ബുദ്ധിമുട്ടുകൾക്കായി 10,000 ദിർഹം നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരുന്നു. ആകെ 21,000 ദിർഹം നൽകണമെന്നും കോടതി ചെലവും കമ്പനി വഹിക്കണമെന്നും അപേക്ഷിച്ചിരുന്നു.
ജീവനക്കാരൻ കോടതിയെ അറിയിച്ചത്, താൻ കമ്പനിയിലുണ്ടായിരുന്ന സേവനകാലത്ത് നിയമാനുസൃത കരാർ തൊഴിൽ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിരുന്നില്ലെന്നും, പിന്നീട് കമ്പനി ജോലി നഷ്ടപ്പെടുത്തുകയും ശമ്പളം നൽകാതിരിക്കുകയും ചെയ്തുവെന്നും ആയിരുന്നു.
"ഒരു തൊഴിലാളിയെ നിയമിച്ചാൽ, കരാറിൽ പറഞ്ഞ രീതിയിൽ സമയത്ത് ശമ്പളം നൽകുന്നത് കമ്പനിയുടെ ഉത്തരവാദിത്വമാണ്," എന്ന് കോടതി വ്യക്തമാക്കിയിരുന്നു. ശമ്പളം ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറേണ്ടതായിരുന്നെങ്കിലും, കമ്പനി അത് പാലിച്ചില്ലെന്ന് തെളിഞ്ഞു.
ഇതിനാൽ, ജീവനക്കാരന് കുടിശ്ശികയായ ശമ്പളമായ 11,000 ദിർഹം അടച്ചുകൊടുക്കാൻ കോടതി കമ്പനിയോട് ഉത്തരവിട്ടു.