
ദോഹ ∙ ഗസ്സ മുനമ്പിലെ യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണം എന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഇരുവരും തമ്മിൽ നടന്ന ഫോൺ സംഭാഷണത്തിലാണ് ഈ നിലപാട് പങ്കുവച്ചത്.
ഗസ്സയിലെ ജനങ്ങൾക്ക് മാനുഷിക സഹായം എത്തിക്കാൻ സൗകര്യമൊരുക്കണമെന്നും, ബന്ദികളും തടവുകാരും മോചിതരാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഗസ്സയിൽ നടക്കുന്ന മാനുഷിക ദുരന്തം കൂടുതൽ രൂക്ഷമാകുന്നത് തടയാൻ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.
സംഭാഷണത്തിൽ സിറിയ, ലെബനൻ ഉൾപ്പെടെയുള്ള പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങൾ ചർച്ചയായി. കൂടാതെ റഷ്യ-യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇരുവിഭാഗവും ശ്രമങ്ങൾ ശക്തമാക്കണം എന്ന നിലപാടും ഇരുവരും പങ്കുവച്ചു.
ഖത്തറും ഫ്രാൻസും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും ഭാവിയിൽ അത് കൂടുതൽ ശക്തിപ്പെടുത്താനുള്ള മാർഗങ്ങളും ഇരുവരും വിശദമായി ചർച്ച ചെയ്തു.