
വാഷിങ്ടൺ: 2022-ൽ ഡോണൾഡ് ട്രംപ് യു.എസ് പ്രസിഡന്‍റായിരുന്നെങ്കിൽ യുക്രെയ്ന്‍-റഷ്യ യുദ്ധം ഉണ്ടായിരുന്നില്ലെന്നു റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ അഭിപ്രായപ്പെട്ടു.
അഞ്ച് വർഷങ്ങൾക്ക് ശേഷം ആദ്യമായി പുടിൻ-ട്രംപ് കൂടിക്കാഴ്ച അലാസ്കയിലാണ് നടന്നത്. ഈ കൂടിക്കാഴ്ചയിൽ പുടിൻ പറഞ്ഞത്, "ട്രംപ് പ്രസിഡന്‍റായിരുന്നെങ്കിൽ യുദ്ധമുണ്ടാകില്ലായിരുന്നു" എന്നാണ്.
ഇരുരാജ്യങ്ങളും മോശം ഘട്ടങ്ങൾ കടന്നുപോയെങ്കിലും ബന്ധം ഇപ്പോൾ മെച്ചപ്പെട്ടതായി പുടിൻ പറഞ്ഞു. എന്നാൽ റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിൽ യാതൊരു തീരുമാനവും കൈവന്നില്ല. 1945-നുശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ യുദ്ധം നാലാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്.
അലാസ്കയിലെ കൂടിക്കാഴ്ചയിൽ യുക്രെയ്ന്‍ തന്നെയായിരുന്നു പ്രധാന ചർച്ചാ വിഷയം. യുദ്ധം അവസാനിപ്പിക്കുന്നതിൽ ട്രംപിന്റെ ആത്മാർത്ഥ താൽപ്പര്യം പ്രശംസനീയമാണെന്നും, യുദ്ധത്തിന് കാരണമായ ഘടകങ്ങൾ എല്ലാം ഇല്ലാതാക്കണമെന്നും, റഷ്യയുടെ ആശങ്കകളും പരിഗണിക്കണമെന്നും പുടിൻ പറഞ്ഞു.
യുക്രെയ്നിന് സുരക്ഷ ഉറപ്പാക്കണമെന്ന ട്രംപിന്റെ ആവശ്യത്തെ റഷ്യ അനുകൂലിക്കുന്നുവെന്നും, പരസ്പര ധാരണയിലെത്തുന്നതിലൂടെ യുക്രെയ്നിൽ സമാധാനം കൊണ്ടുവരാൻ സാധിക്കുമെന്ന് പുടിൻ കൂട്ടിച്ചേർത്തു.
"അടുത്ത തവണ റഷ്യയിൽ കാണാം" എന്ന വാക്കുകളോടെയാണ് ഇരുവരും അലാസ്കയിലെ കൂടിക്കാഴ്ച അവസാനിപ്പിച്ചത്.