
വാഷിങ്ടൺ: “ലോകകപ്പ് ട്രോഫി ഇനി ഞാൻ തിരിച്ച് തരില്ല” – ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റീനോയോട് ഡോണൾഡ് ട്രംപ് തമാശയായി പറഞ്ഞ പ്രസ്താവനയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
അമേരിക്കൻ പ്രസിഡന്റിന്റെ ഓവൽ ഓഫീസിലായിരുന്നു സംഭവം. ഇൻഫാന്റീനോ ലോകകപ്പ് ട്രോഫി കൈയിൽ കൊണ്ടുവന്നപ്പോൾ, ട്രംപ് അത് കണ്ടു “ഇനി തിരികെ കൊടുക്കില്ല” എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ചര്‍ച്ചയായത്.
സംഭവത്തിന്റെ വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നു.
അതോടൊപ്പം 2026 ലോകകപ്പിന്റെ ഒരുക്കങ്ങളെക്കുറിച്ചും ട്രംപ് പ്രതികരിച്ചു. വാഷിങ്ടണിലെ ജോൺ എഫ്. കെന്നഡി സെന്റർ ഫോർ പെർഫോമിങ് ആർട്സിൽ നടക്കുന്ന നറുക്കെടുപ്പാണ് ലോകത്തിന്റെ ശ്രദ്ധ ആകർഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡിസംബർ 5നാണ് നറുക്കെടുപ്പ് നടക്കുക.
“ഫുട്ബോൾ ലോകകപ്പ് പോലൊരു മഹത്തായ മത്സരം അമേരിക്കയിലേക്ക് കൊണ്ടുവരാനായത് വലിയ അഭിമാനമാണ്. അത് ലോകത്തെ ഒന്നിപ്പിക്കുന്നു” – ട്രംപ് അഭിപ്രായപ്പെട്ടു. “അമേരിക്കയും അതുതന്നെ ചെയ്യുന്നുണ്ട്” എന്ന് ഫിഫ പ്രസിഡന്റ് ഇൻഫാന്റീനോയും കൂട്ടിച്ചേർത്തു.
2026 ലോകകപ്പിന്റെ നറുക്കെടുപ്പ് ഏകദേശം ഒരു ബില്യൺ പേർ കാണുമെന്നാണ് പ്രതീക്ഷ. ഇതിനായി 257 മില്യൺ ഡോളർ ചിലവിട്ട് കെന്നഡി സെന്റർ നവീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അടുത്ത വർഷത്തെ യു.എസ്. ആനിവേഴ്സറി ആഘോഷങ്ങളുടെ കേന്ദ്രവും കെന്നഡി സെന്ററായിരിക്കും.
2026 ലോകകപ്പ് അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളാണ് സംയുക്തമായി ആതിഥേയത്വം വഹിക്കുന്നത്. മൊത്തം 48 ടീമുകൾ പങ്കെടുക്കും. 104 മത്സരങ്ങളാണ് നടക്കുക.
ഇതിൽ 13 മത്സരം കാനഡയിൽ (ടോറന്റോ, വാൻകൂവർ), 13 മത്സരം മെക്സിക്കോയിൽ (മെക്സിക്കോ സിറ്റി) നടക്കും. ബാക്കി മത്സരങ്ങൾ അമേരിക്കയിലെ 10 നഗരങ്ങളിലായി നടക്കും.