
ദുബൈ: രാജ്യാന്തര കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടിയുടെ ഭാഗമായി യു.എ.ഇയിൽ നിന്ന് രണ്ട് പിടികിട്ടാപ്പുള്ളികളെ അവരുടെ സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തി. ഫ്രാൻസ്, ബെൽജിയം എന്നിവരുമായി ചേർന്നാണ് ഈ കുറ്റവാളി കൈമാറ്റം നടന്നത്.
ഇന്റർപോൾ റെഡ് നോട്ടീസിന്റെ അടിസ്ഥാനത്തിൽ ദുബൈ പൊലീസാണ് ഇരുവരെയും പിടികൂടിയത്. പ്രതികളുടെ പേരുകൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
അതേസമയം, പ്രതികളിൽ ഒരാൾ യൂറോപ്പിലെ നിരവധി രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ക്രിമിനൽ സംഘങ്ങളുമായി ചേർന്ന് മയക്കുമരുന്ന് കടത്തിയ കേസിൽ ഫ്രഞ്ച് അധികാരികൾക്ക് ഏറെ നാളായി പിടികിട്ടാപ്പുള്ളിയായിരുന്നു. സംഘത്തിന്‍റെ നേതാവിന് സഹായം ചെയ്തിരുന്നതും ഇയാളാണ്. രണ്ടാമത്തെ പ്രതിക്കെതിരെ മയക്കുമരുന്ന് കേസിലാണ് ബെൽജിയം അധികാരികൾ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നത്.
ആഗോള തലത്തിൽ നടക്കുന്ന സംഘടിത കുറ്റകൃത്യങ്ങൾക്ക് എതിരെ യു.എ.ഇയുടെ പ്രതിബദ്ധതയാണ് ഇത്തരം കുറ്റവാളി കൈമാറ്റങ്ങളിലൂടെ തെളിയിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
മുമ്പും യു.എ.ഇ നിരവധി പിടികിട്ടാപ്പുള്ളികളെ വിദേശ രാജ്യങ്ങൾക്ക് കൈമാറിയിട്ടുണ്ട്. അടുത്തിടെ ചൈനക്കായിരുന്നു ഒരു കൊടുംകുറ്റവാളിയെ കൈമാറിയത്. അതുപോലെ ജൂലൈ 13-ന് അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളിൽ പങ്കാളികളായ മൂന്ന് ബെൽജിയൻ പൗരന്മാരെയും നാട്ടിലേക്ക് നാടുകടത്തിയിരുന്നു.