
ജിദ്ദ ∙ 2034-ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യ ഒരുക്കങ്ങൾ ശക്തമാക്കുന്നു. രാജ്യത്ത് ഫിഫ മാനദണ്ഡങ്ങൾ അനുസരിച്ച് കുറഞ്ഞത് 14 സ്റ്റേഡിയങ്ങൾ നിർമിക്കേണ്ടതുണ്ടെന്നാണ് റിപ്പോർട്ടുകൾ. പുതിയ സ്റ്റേഡിയങ്ങളുടെ നിർമാണം സൗദിയിലെ നിർമ്മാണ-അടിസ്ഥാന സൗകര്യ മേഖലയെ ഉത്തേജിപ്പിക്കുകയും കോടിക്കണക്കിന് ഡോളറുകളുടെ നിക്ഷേപം ആകർഷിക്കുകയും ചെയ്യും.
രാജ്യത്ത് ഇതിനകം തന്നെ നിരവധി ബില്യൺ ഡോളറുകളുടെ കരാറുകൾ അനുവദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇത് സൗദിയിലെ അടിസ്ഥാന സൗകര്യങ്ങളെ പുതുക്കി പണിയുന്നതോടൊപ്പം പ്രാദേശിക, അന്തർദേശീയ നിർമാണ സ്ഥാപനങ്ങൾക്ക് ദീർഘകാല അവസരങ്ങൾ നൽകും. സ്പെയിൻ, ബെൽജിയം, ചൈന എന്നിവിടങ്ങളിലെ അന്താരാഷ്ട്ര കമ്പനികളുമായി സഹകരിച്ച് സൗദിയിലെ സ്ഥാപനങ്ങൾ ഇതിനകം തന്നെ സ്റ്റേഡിയം വികസന കരാറുകൾ നേടിയിട്ടുണ്ട്. വരാനിരിക്കുന്ന ടെൻഡറുകളിലൂടെ കൂടുതൽ കരാറുകൾ നൽകാനാണ് സാധ്യത.
2034 ലോകകപ്പിന്റെ ഉദ്ഘാടനവും ഫൈനലും 80,000 സീറ്റുകളുള്ള കിംഗ് സൽമാൻ സ്റ്റേഡിയത്തിൽ വച്ച് നടക്കും. സെമിഫൈനലിനായി 60,000 സീറ്റുകളുള്ള മറ്റൊരു സ്റ്റേഡിയവും ശേഷിക്കുന്ന മത്സരങ്ങൾക്കായി കുറഞ്ഞത് 40,000 സീറ്റുകൾ ഉൾക്കൊള്ളുന്ന മറ്റ് സ്റ്റേഡിയങ്ങളും ഒരുക്കും. ഇവയിൽ ഒരു സ്റ്റേഡിയം താൽക്കാലികമായി നിർമിക്കുമ്പോൾ ബാക്കി എല്ലാം സ്ഥിരമായിരിക്കും.
റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിന്റെ നവീകരണം, ജിദ്ദ സെൻട്രൽ സ്റ്റേഡിയത്തിന് വേണ്ടി 180 മില്യൺ ഡോളറിന്റെ കരാർ, ദമ്മാമിൽ 45,000 സീറ്റുകളോടെ 8,00,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പുതിയ സ്റ്റേഡിയം തുടങ്ങി നിരവധി പ്രധാന പദ്ധതികൾക്ക് കരാറുകൾ ഇതിനകം നൽകിയിട്ടുണ്ട്.
കൂടാതെ, സാങ്കേതിക നവീകരണങ്ങളോടെ രൂപകൽപ്പന ചെയ്യുന്ന ഖിദ്ദിയയിലെ അമീർ മുഹമ്മദ് ബിൻ സൽമാൻ സ്റ്റേഡിയം ഉൾപ്പെടെ, പുതിയ അൽ മുറബ്ബ സ്റ്റേഡിയം, റോഷൻ സ്റ്റേഡിയം, സൗത്ത് റിയാദ് സ്റ്റേഡിയം, ഖിദ്ദിയ കോസ്റ്റ് സ്റ്റേഡിയം, ജിദ്ദയിലെ കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി സ്റ്റേഡിയം, നിയോം സ്റ്റേഡിയം തുടങ്ങിയവയുടെ പണികളും പുരോഗമിക്കുകയാണ്.
ആഗോള കായികമാമാങ്കത്തിന് വേദിയാകാനുള്ള ഒരുക്കങ്ങൾ സൗദിയിൽ പുരോഗമിക്കുന്നതിനൊപ്പം, രാജ്യത്തെ നിർമ്മാണ മേഖലയെ അഭൂതപൂർവ്വമായ രീതിയിൽ മാറ്റിമറിക്കുന്ന ഒരു വികാസ തരംഗത്തിനും ഇതുവഴി തുടക്കമായിരിക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.