
തിരുവനന്തപുരം: ഗുരുതരമായ ലൈംഗികാരോപണങ്ങൾ നേരിടുന്ന എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോൺഗ്രസ് പാർട്ടി സസ്പെൻഷനിലൂടെ കാര്യം കൈകാര്യം ചെയ്യാൻ ശ്രമിക്കുമ്പോൾ, സിപിഎമ്മും ബിജെപിയും രാജിക്കായി കടുത്ത സമ്മർദ്ദം ചെലുത്തുകയാണ്.
ആദ്യത്തിൽ "കോൺഗ്രസാണ് തീരുമാനിക്കേണ്ടത്" എന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ഇപ്പോൾ തുറന്നടിച്ച് "ക്രിമിനൽ സ്വഭാവമുള്ള ലൈംഗികപീഡനത്തിൽ ആരോപണം നേരിടുന്ന രാഹുൽ രാജിവെക്കണം. അത് കേരളീയ സമൂഹത്തിന്റെയും സിപിഎമ്മിന്റെയും ആവശ്യമാണു" എന്നു വ്യക്തമാക്കി. രാഹുലിനെ സംരക്ഷിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, രാഹുലിന്റെ രാജിക്കായി ഇടത് സൈബർ സെനയും ശക്തമായ പ്രചാരണം സോഷ്യൽ മീഡിയയിൽ തുടരുകയാണ്. സ്വന്തം പാർട്ടി തന്നെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിട്ടും ജനങ്ങൾ എങ്ങനെ രാഹുലിനെ പിന്തുണക്കുന്നു എന്നതാണ് ഇവർ ഉയർത്തുന്ന പ്രധാന ചോദ്യം.
ഡി.വൈ.എഫ്.ഐ തെരുവിലിറങ്ങി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. മണ്ഡലത്തിനുള്ളിൽ രാഹുൽ പൊതുപരിപാടികളിൽ പങ്കെടുക്കാൻ ശ്രമിച്ചാൽ തടയുമെന്നും അവർ വ്യക്തമാക്കി.
പാലക്കാട്ട് ഉപതിരഞ്ഞെടുപ്പ് വരുമോ എന്ന ആശങ്കയും കോൺഗ്രസിനുണ്ട്. രാഹുൽ ജയിച്ച മണ്ഡലത്തിൽ ബിജെപി രണ്ടാമതായിരുന്നു. നിലവിലെ സാഹചര്യത്തിൽ അവർക്കു വിജയസാധ്യത കൂടുതലാണെന്ന വിലയിരുത്തൽ കോൺഗ്രസിനെയും സിപിഎമ്മിനെയും ആശങ്കപ്പെടുത്തുന്നു.
അതേസമയം, രാഹുലിനെതിരായ ആരോപണം ബിജെപി ദേശീയതലത്തിൽ തന്നെ പ്രചാരണായുധമാക്കിയിരിക്കുകയാണ്. രാഹുൽ ഗാന്ധിയോടൊപ്പം രാഹുൽ മാങ്കൂട്ടത്തിൽ നിൽക്കുന്ന ചിത്രം ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ ഷെയർ ചെയ്ത് ബിജെപി ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.