
ന്യൂഡൽഹി ∙ ബിഹാറിലെ വോട്ടർ പട്ടികയിൽ വലിയ വിവാദം. ബോധ്ഗയയിലെ നിദാനി ഗ്രാമത്തിൽ, ഒരു വീട്ടു നമ്പറിൽ തന്നെ 947 വോട്ടർമാരുടെ പേരുകൾ ചേർത്തതായി കോൺഗ്രസ് ആരോപിച്ചു.
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന *‘വോട്ടർ അധികാർ യാത്ര’*ക്കിടെ, കോൺഗ്രസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. നൂറുകണക്കിന് വീടുകളും കുടുംബങ്ങളും ഉള്ള ഗ്രാമത്തെ, “വീടു നമ്പർ 6” എന്ന ഒറ്റ വിലാസത്തിൽ കൂട്ടിച്ചേർത്തുവെന്ന് പാർട്ടി ആരോപിച്ചു.
ബൂത്ത് ലെവൽ ഓഫിസർ വീടുതോറും പരിശോധന നടത്താറുണ്ടെങ്കിൽ, എങ്ങനെയാണ് യഥാർത്ഥ വീടുകളുടെ നമ്പറുകൾ ഒഴിവാക്കിയതെന്ന് കോൺഗ്രസ് ചോദിച്ചു. ചെറിയൊരു ഗ്രാമത്തിലെ 947 പേരെ ഒറ്റ വിലാസത്തിൽ കൂട്ടിച്ചേർക്കുന്നത്, വൻ ക്രമക്കേടുകൾക്കുള്ള തെളിവാണെന്നും അവർ അഭിപ്രായപ്പെട്ടു.
“ജനാധിപത്യം മോഷ്ടിക്കപ്പെടുകയാണ്. നിദാനി അതിന്റെ ജീവിക്കുന്ന തെളിവാണ്,” – കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു. ഇതിലൂടെ വ്യാജ വോട്ടർമാരെയോ ഇരട്ട വോട്ടുകളെയോ മറയ്ക്കാൻ കഴിയുമെന്നതിനാലാണ് ഇത്തരം ക്രമക്കേടുകൾ ഉണ്ടാകുന്നതെന്നും പാർട്ടി ആരോപിച്ചു. വിഷയത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഉടൻ വിശദീകരണം നൽകണമെന്നും അവർ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയും കോൺഗ്രസ് കുറിപ്പ് പങ്കുവെച്ചു.
അതേസമയം, ഗ്രാമത്തിലെ വീടുകൾക്ക് നമ്പർ നൽകിയിട്ടില്ലാത്തതിനാൽ സാങ്കൽപിക നമ്പർ രേഖപ്പെടുത്തിയതാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.