
ദുബൈ ∙ പ്രവാചകൻ മുഹമ്മദ് നബിയുടെ ജനനദിനം (നബിദിനം) ആചരിക്കുന്നതിന്റെ ഭാഗമായി യു.എ.ഇയിൽ സെപ്റ്റംബർ 5 വെള്ളിയാഴ്ച പൊതു അവധി ആയിരിക്കും. പൊതു മേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കുമൊക്കെ ഒരുപോലെ ബാധകമായിട്ടാണ് അവധി പ്രഖ്യാപിച്ചത്.
ഹിജ്‌റ കലണ്ടറിലെ റബീഉൽ അവ്വൽ 12 നാണ് നബിദിനം ആചരിക്കുന്നത്. വാരാന്ത്യ അവധിയുമായി ചേരുന്നതിനാൽ സർക്കാർ ജീവനക്കാരടക്കമുള്ളവർക്ക് തുടർച്ചയായി മൂന്ന് ദിവസത്തെ അവധി ലഭിക്കും.
ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് സർക്കാർ ഓഫീസുകളിലെ അവധി സംബന്ധിച്ച് എല്ലാ മന്ത്രാലയങ്ങൾക്കും ഫെഡറൽ സ്ഥാപനങ്ങൾക്കും സർക്കുലർ നൽകി. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കുള്ള അവധി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം ആണ് പ്രഖ്യാപിച്ചത്.
മാസപ്പിറവി സംബന്ധിച്ച വ്യത്യാസങ്ങൾ കാരണം അറബ് ലോകത്ത് രാജ്യങ്ങൾ തമ്മിൽ തീയതിയിൽ വ്യത്യാസമുണ്ടായി. യു.എ.ഇയും ഒമാനും മാസപ്പിറവി കാണാതെ വന്നതോടെ റബീഉൽ അവ്വൽ മാസം തിങ്കളാഴ്ചയാണ് ആരംഭിച്ചത്. എന്നാൽ സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത് എന്നിവിടങ്ങളിൽ ശനിയാഴ്ച മാസപ്പിറവി കണ്ടതിനാൽ അവിടെ ഞായറാഴ്ച തന്നെയായിരുന്നു റബീഉൽ അവ്വൽ ഒന്നാം തീയതി.