
ദുബൈ ∙ എമിറേറ്റിലെ പുതിയ ഡ്രൈവർമാർക്ക് പരിശീലനം നൽകുന്നതിന് ആർ.ടി.എ (റോഡ് ഗതാഗത അതോറിറ്റി) നിർമിത ബുദ്ധി (AI) ഉപയോഗിക്കുന്ന ഡിജിറ്റൽ സംവിധാനം അവതരിപ്പിച്ചു. ‘തദ്രീബ്’ എന്ന പേരിലുള്ള പ്ലാറ്റ്‌ഫോം വഴി വർഷത്തിൽ രണ്ടര ലക്ഷത്തിലധികം പേർക്ക് പരിശീലനം ലഭ്യമാകുമെന്ന് ആർ.ടി.എ അറിയിച്ചു.
ദുബൈയിലെ എല്ലാ ഡ്രൈവിങ് സ്ഥാപനങ്ങളെയും ഈ സംവിധാനം ബന്ധിപ്പിച്ചിട്ടുണ്ട്. പരിശീലനവും യോഗ്യതാ പ്രക്രിയയും പൂർണമായും ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് നടത്തുന്നത്. ഇതുവഴി ഡ്രൈവർമാരുടെ യോഗ്യത ഓട്ടോമാറ്റിക്കായി വിലയിരുത്താനും, ഓരോ ട്രെയ്‌നിയുടെ വിവരങ്ങളും ഏകോപിപ്പിക്കാനുമാകും.
പ്ലാറ്റ്‌ഫോമുമായി 27 ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂഷനുകളും, 3,400 പരിശീലകരും, 3,000-ത്തിലധികം പരിശീലന വാഹനങ്ങളും ഇതിനകം തന്നെ ബന്ധിപ്പിച്ചിരിക്കുന്നു. ഓരോ വാഹനത്തിന്റെയും റൂട്ടുകൾ ഇലക്ട്രോണിക് വിധത്തിൽ ട്രാക്ക് ചെയ്ത് പ്രധാന സിസ്റ്റവുമായി ബന്ധിപ്പിക്കുമെന്നും ആർ.ടി.എ അറിയിച്ചു.
ഓരോ വർഷവും 60 ലക്ഷത്തിലധികം പരിശീലന മണിക്കൂറുകൾ ഉറപ്പാക്കാനും, ട്രെയ്‌നികളുടെ വിവരങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യാനും, പൂർണ്ണമായും പേപ്പർ രഹിത സേവനം നൽകാനും പ്ലാറ്റ്‌ഫോമിന് കഴിയും. ഡ്രൈവറുടെ ആവശ്യങ്ങൾ തിരിച്ചറിയാൻ ഡാറ്റയും കണക്കുകളും വിശകലനം ചെയ്യുന്നതിലൂടെ ഗുണമേന്മയുള്ള പരിശീലനം ഉറപ്പാക്കാനാണ് പദ്ധതിയുടെ ലക്ഷ്യം.
ഇതിലൂടെ പരിശീലന നിലവാരം മെച്ചപ്പെടുകയും, ഡ്രൈവർമാരെ വിലയിരുത്തുന്നതിൽ കൂടുതൽ സുതാര്യതയും കൃത്യതയും വരുത്തുകയും ചെയ്യും. പുതിയ ഡ്രൈവർമാർക്കിടയിലെ അപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിൽ വലിയ പങ്ക് വഹിക്കാനുമാണ് സംവിധാനം സഹായകമാകുന്നത്.
പ്ലാറ്റ്‌ഫോം ഉപയോഗിച്ച് പരിശീലനം ബന്ധിപ്പിച്ചതോടെ അനുമതി നേടുന്നതിനുള്ള സമയം പകുതിയായി കുറഞ്ഞതായി ആർ.ടി.എ വ്യക്തമാക്കി. കൂടാതെ ഓപ്പറേറ്റിങ് ചിലവുകൾ കുറയ്ക്കാനും, വിദൂര നിരീക്ഷണം (remote monitoring) ശക്തിപ്പെടുത്താനും പദ്ധതിയിലൂടെ സാധിച്ചതായും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.